2009, ജൂൺ 2, ചൊവ്വാഴ്ച

തമ്പാനൂര്‍ പരമു


കള്ളന്‍ ,പെരുങ്കള്ളന്‍ ,കായം കുളം കൊച്ചുണ്ണി,വെള്ളായണി പരമു എന്നിങ്ങനെ കഥകളില്‍ കേട്ടിട്ടുണ്ടെങ്കിലും ആ പരമ്പരയില്‍ പെട്ടൊരുത്തനേയും നേരില്‍ ക്കണ്ടിട്ടില്ലെന്നൊരു കുറവുണ്ടായിരുന്നു.ആ വിഷമം മാറ്റിത്തരാമെന്ന ഒറ്റ ഉദേശത്തോടെയാണോ എന്നറിയില്ല, കഴിഞ്ഞ ആഴ്ച ഒരു കള്ളന്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.പാതിരായ്ക്കു മുഖം മൂടി വച്ച് ഓടുതുരന്നിറങ്ങുന്നൊരു കള്ളനെ പാതിരാക്കുറുബാന കഴിഞ്ഞുള്ള എന്റെ യാത്രയില്‍ ഒരിക്കലും പ്രതീക്ഷിച്ചതേയില്ല.

അന്ന് ക്രിത്യം പകല്‍ 2 മണി, അതായത് കോഴി കൂവുന്നതിനും 2 മണിക്കൂര്‍ മുമ്പ്. പതിവുപോലെ വീട്ടിലേക്കുള്ള യാത്ര തുടങ്ങിയതേയുള്ളൂ.തിരുവനന്തപുരം ബേക്കറി ജം ഗ്ഷനിലെ മേല്‍ പ്പാലത്തിന്റെ 'പണി' എന്തായിയെന്ന ഒരു പൌരന്റെ സ്വാഭാവിക ജിജ്ഞാസ ഒന്നുകൊണ്ടു മാത്രം അന്നത്തെ യാത്ര അതുവഴിയാകാമെന്നു കരുതി.വിജനമായ റോഡ്..കുറ്റാക്കുറ്റിരുട്ട്...ചീവീടിന്റെ കരച്ചിലുപോലെ..എന്റെ വക ഗാനാലാപനം .." ഡാഡി മമ്മി..വീട്ടില്‍ ഇല്ലാ..ഡട..ടണ്ട..ഡാടാ..ഡാടാ..."

പാടിത്തുടങ്ങിയതേയുള്ളൂ.. പെട്ടെന്നൊരുത്തന്‍ റോഡിന്റെ ഒരു വശത്തുനിന്നും സ്കൂട്ടറിന്റെ മുന്നിലേക്ക് എടുത്തു ചാടി.അമ്മേയ്.യ്...എന്നു മമ്മിയെ വിളിച്ചു കൊണ്ട്..സ്കൂട്ടര്‍ നിന്നു..

പന്തികേടുതോന്നിയെങ്കിലും പുള്ളിയുടെ മുഖത്ത് ഒരു കള്ളന്റേതായ മേക്കപ്പോന്നും കണ്ടില്ല. കൈയ്യില്‍ പിച്ചാത്തിയോ കണ്ണുമൂടിക്കെട്ടിയ തുണിയോ ഇല്ലല്ലോ.സത്യത്തില്‍ ഞാന്‍ കരുതിയത്, ആരെയെങ്കിലും വല്ല ആശുപത്രിയിലുമെത്തിക്കാന്‍ ഓട്ടോറിക്ഷ പിടിക്കാനോ മറ്റോ ഗത്യന്തരമില്ലാതെ നിന്ന നിര്‍ ദോഷിയായ ഒരുത്തന്‍ .അല്ലെങ്കിലും പോസിറ്റീവായ ശുഭചിന്ത മാത്രമേ എല്ലാ ആപത്ഘട്ടത്തിലും എന്റെ മനസില്‍ തോന്നാറുള്ളൂ.അതുകൊണ്ടാണ്.. ഞാനയാളുടെ അരികില്‍ തന്നെ വണ്ടി നിര്‍ ത്തിയത്.


" എന്താ ചേട്ടാ,എന്തുപറ്റി ? " എന്നു ചോദിക്കും മുമ്പേ അയാള്‍ കാര്യം പറഞ്ഞു. "ഡേയ്..എനിക്കൊരു അന്‍ പതു രൂപാ വേണം ,തന്നില്ലെന്നു വച്ചും കുഴപ്പമൊന്നുമില്ല"


" ഹാവൂ..ആശ്വാസമായി,എനിക്കു പോകാമല്ലോ" എന്ന മട്ടില്‍ ഞാന്‍ ആക്സിലേറ്റര്‍ കൊടുക്കാനാഞ്ഞു.



പെട്ടെന്ന് കൈയ്യില്‍ കരുതിയിരുന്ന വലിയൊരു തുരുമ്പിച്ച കത്രികയുയര്‍ത്തി അയാള്‍ മാന്യമായി പറഞ്ഞു "നീ തന്നില്ലെങ്കില്‍ എനിക്കു കുഴപ്പമൊന്നുമില്ല. ഞാന്‍ വല്ലയിടത്തും വച്ച് കുത്തിത്തരും .പോലീസ് എപ്പഴാ ഇതുവഴി വരുന്നതെന്നറിയില്ല. വേഗം വേണം 50 രൂപാ " രസീതെഴുതിയ പിരിവുകാരനെപ്പോലെ അയാള്‍ അക്ഷമനായി.



ഞാനോര്‍ ത്തു, തുരുമ്പിച്ച കത്രിക നെഞ്ചില്‍ തറച്ച് നടുറോഡില്‍ ചത്തുകിടക്കുന്നു.മിക്ക പത്രത്തിന്റേയും സിറ്റി എഡിഷനും കഴിഞ്ഞിരിക്കും .വാര്‍ത്ത നാളത്തെ പത്രത്തിലേ വരൂ. ചാനലുകാര്‍ ക്ക് അതിരാവിലേ ആഘോഷിക്കാം .സാരമില്ല,എന്നാലും ലാഭിക്കുന്നത് 50 രൂപായല്ലേ.


അഥവാ മുതുകിലോ കൈകാലിലോ ആണ്..കുത്തെങ്കില്‍ ടെറ്റനസ് പിടിച്ച് പഴുത്തു ചാവും .ചിലപ്പോള്‍ കുത്തുകിട്ടിയ ഭാഗം മുറിച്ചുകളയേണ്ടി വരും . 50 രൂപാ ലാഭിച്ച സന്തോഷത്തോടെ തമ്പാനൂരിലൂടെ ഒരുത്തന്‍ ഞൊണ്ടി ഞൊണ്ടി നടക്കുന്നത് ഞാന്‍ കണ്ടു.



" എടേ..പറഞ്ഞത് മനസിലായില്ലേ.." വീണ്ടും കഠിനകഠാര ശബ്ദം ."അയ്യോ ചേട്ടാ എന്റെ കൈയ്യില്‍ കാശൊന്നുമില്ല" - കള്ളനോടു കള്ളം പറയാന്‍ പാടില്ലല്ലോ.

പല്ലുകടിച്ചു പിടിച്ചു രൂക്ഷമായി അയാളെന്നെ നോക്കി.പാവം ,വിശ്വസിച്ചു എന്നാശ്വസിക്കും മുമ്പേ എന്റെ പാന്‍ സിന്റെ പോക്കറ്റില്‍ തപ്പി.കിട്ടി..കിട്ടി..എന്ന സന്തോഷം അയാളുടെ മുഖത്തു തിളങ്ങി "എന്താടായിത് " ഞാന്‍ തന്നെ നാണിച്ചുപോയി." അയ്യേ..അത് കുറച്ചു ചില്ലറപൈസയാ.അതായത് ഒരു മൂന്നുരൂപായോളം വരും ...ചായകുടിക്കാന്‍ ..." ഞാന്‍ മുഴുവിപ്പിച്ചില്ല.



ദ്വേഷ്യം സഹിക്കാനാവാതെ, ഞാനിതാ നിന്നെ കുത്തിക്കൊല്ലാന്‍ പോകുന്നൂവെന്ന മട്ടില്‍ അയാള്‍ കത്രികയുയര്‍ ത്തി.മെലിഞ്ഞ ശരീരത്തില്‍ ഒരു കത്രികയ്ക്കു കൂടിയിരിക്കാനുള്ള 'സ്പെയ്സ് ' കാണാഞ്ഞിട്ടാകും " നിന്റെ സ്കൂട്ടര്‍ ഞാനിന്ന് കുത്തിപ്പോളിക്കും " അയാള്‍ ആക്രോശിച്ചു.സ്കൂട്ടര്‍ ഒന്നും മിണ്ടിയില്ല.അതിനാല്‍ ഞാന്‍ മൊഴിഞ്ഞു " വേണ്ട ചേട്ടാ...വേണ്ട ..ഒരു മുപ്പതുരൂപാ എന്റെ കൈയ്യിലുണ്ട്..പെട്രോളടിക്കാന്‍ വച്ചിരുന്നതാ.." ഷര്‍ ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 3 പത്തിന്റെ ഗാന്ധി നീട്ടി ഞാന്‍ പറഞ്ഞു." പ്ലീസ് ഒരനിയനെന്നു കരുതി ഇതുവാങ്ങണം ...ഇത്രയേയുള്ളൂ...ഇതുവഴി ഇനിയും ആരെങ്കിലും വരും " ഞാനയാളെ പ്രതീക്ഷിപ്പിച്ചു.
ദരിദ്രവാസിയായ കള്ളന്‍ പാതിരായ്ക്ക് മറ്റൊരു ദരിദ്രവാസിയെക്കണ്ടെത്തിയതിനാല്‍ ദയനീയമായി എന്നെ നോക്കി.ഒടുവില്‍ ആ 30 രൂപാ വാങ്ങി. " താങ് യൂ ..ചേട്ടാ...താങ് യൂ പൊയ്ക്ക്ക്കൊട്ടേ" ഞാന്‍ ആശീര്‍ വാദം തേടി...


30 രൂപാകൊണ്ട് ത്രിപ്തിപ്പെടേണ്ടി വന്ന ഗതികേടോടെ ഒടുവിലയാള്‍ എന്റെ കഴുത്തില്‍ തപ്പി.." മാലയൊന്നുമില്ലേഡേ...ഛേ.." പാവം കള്ളന്‍ നാണിച്ചുപോയി.ഞാന്‍ വളിച്ചൊരു ചിരി പാസാക്കി." പോഡേ..പോഡേ..എടുത്തോണ്ട്.." കത്രികയോങ്ങി എനിക്കു പോകാനുള്ള പച്ചസിഗ്നല്‍ തന്നു.
ഹാവൂ...ഒരു കൈകൊടുത്തു പിരിയാമെന്നു തോന്നിയെങ്കിലും തുരുമ്പിച്ച കത്രിക, മുറിവ്,ടെറ്റനസ്, ഇന്‍ ജക്ഷന്‍ ...വേണ്ടാ..പകരം ഞാന്‍ കൈവീശി ടാറ്റാ കാട്ടി ,സ്കൂട്ടര്‍ സ്റ്റാര്‍ ട്ടാക്കി... 50 രൂപാ ചോദിച്ച കള്ളനെ, 30 രൂപാകൊടുത്ത് ഒതുക്കിയ സന്തോഷത്തില്‍ ഞാന്‍ മുന്നോട്ടുപോയി. മുന്നില്‍ എനിക്കിട്ടൊരു പണി തന്ന സന്തോഷത്തോടെ പണിതീരാത്ത മേല്‍ പ്പാലം ...തുരുമ്പിച്ച കമ്പികള്‍ കാട്ടി ചിരിച്ചുകൊണ്ട് നില്‍ ക്കുന്നു.